About us

History

22 മാർച്ച് 2007ൽ മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച സപ്ലിമെന്റിൽ അന്നത്തെ ദേവസ്വം സെക്രട്ടറി ശ്രീമാൻ വാസുദേവൻ പിള്ള എഴുതിയ ലേഖനം.

ആലപ്പുഴ ജില്ലയിൽ,

കറ്റാനം - മാവേലിക്കര റോഡിൽ സ്ഥിതിചെയ്യുന്ന വളരെ പ്രശസ്തമായ ഒരു ആരാധനാലയമാണ് ഭരണിക്കാവ് ദേവിക്ഷേത്രം.

സാംസ്‌കാരികമായും ആത്മീയമായും മഹത്ത്വം നിറഞ്ഞ ഈ ക്ഷേത്രം ഭഗവതി ഉപാസനയ്ക്ക് പ്രത്യേകമായി പ്രസിദ്ധമാണ്.

വടക്കോട്ട് ദർശനമുള്ള ഭദ്രകാളിയും, കിഴക്കോട്ട് ദർശനമുള്ള ശിവനും ആണ് ഇവിടെ മുഖ്യ പ്രതിഷ്ഠ.

ദേവിയോടൊപ്പം ശിവനും തുല്യ പ്രാധാന്യമുള്ള അപൂർവ്വ ഇടങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. മനോഹരമായ ദാരുശിൽപ്പച്ചുവരുകളോടു കൂടിയ ശ്രീകോവിലും ഇവിടുത്തെ സവിശേഷതയാണ്. ചുറ്റമ്പലത്തിനകത്ത് തേവാരമൂർത്തിയായി ശിവകുടുംബവും ചുറ്റമ്പലത്തിന് പുറത്ത് ഗണപതി ശാസ്താവ്, ഗോശാലകൃഷ്ണൻ, മൂർത്തി, യക്ഷികൾ, രക്ഷസ്, യോഗീശ്വരൻ, സർപ്പദൈവങ്ങൾ, ബുദ്ധൻ എന്നിവരുടെ പ്രതിഷ്ഠയുമുണ്ട്.

രുരുജിത്, ദാരികജിത് , മഹിഷാസുരജിത് എന്നീ താന്ത്രിക വിധാനങ്ങളിലെ, രുരുജിത് വിധാനത്തിലുള്ള ക്ഷേത്രമാണ് ഭരണിക്കാവ് ദേവി ക്ഷേത്രം.

ശിവൻ കിഴക്കോട്ടും, രുരുവിനെ ജയിച്ച ദേവി വടക്കോട്ടും, തുല്യ പ്രാധാന്യത്തോടെ ഇരിക്കുന്നത് രുരുജിത് സങ്കല്പത്തിലാണ്. എങ്കിലും ദേവിക്ക് തന്നെയാണ് ഒരല്പം മുൻതൂക്കം.

ശിവൻ, ഗുരു സങ്കൽപ്പത്തിൽ, സാക്ഷീഭാവത്തിലാണ് അഥവാ ദക്ഷിണാമൂർത്തി ഭാവമാണ്. സാക്ഷീഭാവത്തിൽ ഇരിക്കുന്ന ഭഗവാന് ഉത്സവാദികളിൽ താല്പര്യമില്ല.

രുരുജിത് വിധാനത്തിലുള്ള ക്ഷേത്രം ആയതുകൊണ്ട് തന്നെ പൂജകൾ ശുദ്ധ ശ്രീവിദ്യാസമ്പ്രദായത്തിൽ ആണ്. നിർമ്മലയും നിർഗുണയുമായ പരമാത്മ ചൈതന്യത്തെ ധ്യാനിച്ച് പൂജിക്കുന്ന രീതിയാണിത്. അവിടെ ശിവനെയും ശക്തിയേയും സമമായി കാണുന്നു. ഈ രീതിക്ക് സമയമാചാരം എന്ന് പറയുന്നു.

ക്ഷേത്രദേശം

ഭരണിക്കാവ് തെക്ക്, ഭരണിക്കാവ് വടക്ക്, കോമല്ലൂർ, പള്ളിക്കൽ എന്നീ നാല് കരകൾ ഉൾക്കൊള്ളുന്ന പ്രദേശമാണ് ക്ഷേത്രദേശം.

ഈ നാല് കരകളിലെയും പ്രമുഖരുടെ പങ്കാളിത്തം ക്ഷേത്രനിർമ്മാണകാലം മുതൽ തന്നെ ഉണ്ടായിരുന്നു.

കൂട്ടുകുടുംബങ്ങളുടെ വ്യവസ്ഥയിൽ നിന്ന് അണു കുടുംബത്തിലേക്ക് പരിണമിച്ചതിന്റെ ഭാഗമായി നാല് കരയിലെയും കരയോഗങ്ങളുടെ ഉടമസ്ഥതയിലാണ് നിലവിൽ ക്ഷേത്ര ഭരണം.

ക്ഷേത്രോൽപ്പത്തി

ഭരണിക്കാവ് ദേവീക്ഷേത്രത്തിന് മറ്റേതെങ്കിലും ഒരു ബാഹ്യ ക്ഷേത്രവുമായി ബന്ധമുണ്ടെങ്കിൽ അത് കൊടുങ്ങല്ലൂർ ക്ഷേത്രമാണ്. അവിടെ നിന്നാണ് ഉത്ഭവം, അത് തന്നെയാണ് മൂലസ്ഥാനവും.

മധ്യകാല കേരളത്തിലെ ഭദ്രകാളിയുടെ ആദ്യ ക്ഷേത്രവും മൂലകേന്ദ്രവുമാണ് കൊടുങ്ങല്ലൂർ ശ്രീകുരുംബാ ഭഗവതി ക്ഷേത്രം. കൊടുങ്ങല്ലൂർ ക്ഷേത്രത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ.

അവിടെയും കിഴക്കോട്ട് ദർശനമായി ശിവനും വടക്കോട്ട് ദർശനമായി ദേവിയും ആണ് പുരാതനകാലത്ത് ക്ഷേത്രം നിൽക്കുന്ന പ്രദേശത്ത് വിശാലമായ മൈതാനത്തിന് നടുവിൽ, ശീതളഛായ പരത്തി നിന്ന വിസ്തൃതമായ കാവുണ്ടായിരുന്നു. അവിടെ ഒരു ശിവാലയം നിർമ്മിച്ച്, താന്ത്രിക രീതിയിൽ പ്രതിഷ്ഠ നടത്തി, ജാതിഭേദമന്യേ ജനങ്ങൾ ആരാധിക്കുകയും ചെയ്തിരുന്നു.

ഏതാനും തലമുറകൾ ആ സമ്പ്രദായം തുടർന്നതായാണ് അറിയുന്നത്. കാലാന്തരത്തിൽ പനയ്ക്കൽ, പണയിൽ എന്ന രണ്ടു കുടുംബക്കാർക്ക് ലഭിച്ച വെളിപാട് അനുസരിച്ച്, ആ കുടുംബത്തിലെ കാരണവന്മാർ കാളി ഉപാസനയുടെ തായ് തറവാടായ കൊടുങ്ങല്ലൂർ കോവിലകത്തെത്തി വ്രതനിഷ്ഠയോടെ മൂന്നു മണ്ഡലകാലം ഭജനം നടത്തിയതായും, വ്രതാവസാനത്തിൽ മീനമാസത്തിലെ ഭരണി നക്ഷത്ര ദിവസമായ ദേവിയുടെ തിരുനാളിൽ കോമരം ഉറഞ്ഞുതുള്ളി വിളംബരം ചെയ്യുകയും, തുടർന്ന് തന്ത്രി ഒരു ശിലാഖണ്ഡം പൂജിച്ച് ദേവി ചൈതന്യം ആവാഹിച്ച് കാരണവന്മാർ ക്ക് നൽകുകയും, അവർ ആഗ്രഹിച്ച സ്ഥാനത്തു തന്നെ വടക്കോട്ട് ദർശനമായി ഭദ്രകാളി പ്രതിഷ്ഠ നടത്തിക്കൊള്ളുവാൻ അനുജ്ഞ നൽകിയതായിട്ടാണ് ഐതിഹ്യം.

ക്ഷേത്രത്തിന്റെ ഉടമ

ക്ഷേത്ര സ്വത്തിന്റെ ഉടമ, നിയമപ്രകാരം ആ ക്ഷേത്രത്തിൽ പ്രതിഷ്ഠിതമായിരിക്കുന്ന ദേവനോ ദേവിയോ ആണ്. സ്വത്തുക്കൾ കൈവശം വയ്ക്കുന്നതും കൈകാര്യം ചെയ്യുന്നതും ക്ഷേത്ര ഭരണം നടത്തുന്നവരാണ്. നിയമത്തിൽ ദേവന് മൈനർ സ്റ്റാറ്റസ് ആണ്. മൈനറായ കുട്ടിയുടെ സ്വത്തുക്കൾ, കുട്ടിക്ക് വേണ്ടി, രക്ഷാകർതൃസ്ഥാനത്തുള്ളവർക്ക് സംരക്ഷിക്കാനും നോക്കി നടത്താനും മാത്രമാണ് ആണ് അധികാരാവകാശം.

ഇദം ന മമ. ഇതൊന്നും എന്റേതല്ല ദേവന്റേതാണ് എന്ന ഭയഭക്തി ബഹുമാനത്തോടുകൂടിയാണ് ധനം വിനിയോഗിക്കുന്നതും കാര്യങ്ങൾ നോക്കി നടത്തുന്നതും.

പ്രാണ പ്രതിഷ്ഠ

ക്ഷേത്രങ്ങളിലെ പ്രതിഷ്ഠയ്ക്ക് പറയുന്നത് പ്രാണ പ്രതിഷ്ഠ എന്നാണ് പ്രാണൻ എന്ന് പറഞ്ഞാൽ ജീവൻ തന്നെയാണ്. വിഗ്രഹത്തിലേക്ക് ജീവനെ സമനിപ്പിക്കുന്ന പ്രക്രിയയാണ് പ്രാണ പ്രതിഷ്ഠ.

അതുകൊണ്ടാണ് ദിവസവും വിഗ്രഹത്തെ കുളിപ്പിക്കുന്നതും ഉടയാട ചാർത്തുന്നതും ആഭരണമണിയിക്കുന്നതും നൈവേദ്യം അർപ്പിക്കുന്നതും സുഗന്ധദ്രവ്യങ്ങൾ പുകയ്ക്കുന്നതും വിളക്ക് തെളിയിക്കുന്നതും ആരതി ഉഴിയുന്നതും മറ്റും.

സമചതുരത്തിലുള്ള ഒറ്റക്കൽ പീഠത്തിലാണ് ശിവന്റെയും ദേവിയുടെയും പ്രതിഷ്ഠ.

അതേപീഠത്തിൽ മറ്റൊരു ശിലയിലാണ് ദാരുബിംബം പ്രതിഷ്ഠിതമായിരിക്കുന്നതും. ഒഴുകു ശിലയിലാണ് ശിവന്റെ വിഗ്രഹമായി പ്രതിഷ്ഠിച്ചിട്ടുള്ളത്. അതായത് നിയതമായ രൂപം നൽകിയിട്ടില്ലാത്ത ശില. അതിൽ നിന്ന് ഇവിടുത്തെ ശിവാരാധന അതിപുരാതനമാണെന്ന് അനുമാനിക്കാം.

ക്ഷേത്രത്തിൻറെ ചുറ്റമ്പലത്തിന്റെ അകത്ത് തെക്കുപടിഞ്ഞാറായി ഒരു പീഠത്തിൽ ഒരു നിരയിൽ ഏഴ് കല്ലുകളിലായി സപ്തമാതാക്കളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. പീഠത്തിൽ പിന്നെയുള്ളത് ഗണപതിയും വീരഭദ്രനുമാണ്.

ആരാധന

രാജസ്വികമായ ആരാധനയും ഭരണിക്കാവിൽ ഒരുകാലത്ത് ഉണ്ടായിരുന്നു. കൊടുങ്ങല്ലൂരിലെ പൂജാ വിധാനത്തിൽ ശങ്കരാചാര്യരുടെ കാലത്ത് പരിഷ്കരണം സംഭവിച്ചിട്ടുണ്ട്.

സാത്വിക പൂജാവിധാനത്തിലേക്കുള്ള മാറ്റം അന്ന് സംഭവിച്ചതായാണ് അംഗീകരിക്കപ്പെടുന്നത്.

ഈ മാറ്റം ഭരണിക്കാവിലും സംഭവിച്ചു എന്ന് ന്യായമായും അനുമാനിക്കാം. ഭരണിക്കാവിലും കോഴിബലിയും അതിന് പ്രത്യേകം നിയുക്തരായവരും ഉണ്ടായിരുന്നു.

ക്ഷേത്രത്തിന് പുറത്ത് വടക്കുവശത്തുള്ള ബലിക്കല്ല് ഇതിനു ദൃഷ്ടാന്തമാണ്.

പടിത്തരം

പടിത്തരം എന്നാൽ പതിവ് രീതി, പതിവ് ചിലവ്, ചട്ടം, നടപ്പ് എന്നൊക്കെയാണ് വാച്യാർത്ഥം. ക്ഷേത്രം നടത്തിപ്പ് സംബന്ധിച്ച് നിശ്ചയിച്ച് ഉറപ്പിച്ചിട്ടുള്ള കാര്യപരിപാടിയാണ് പടിത്തരം.

എല്ലാ മാസവും ഉത്തരം നാളിൽ ശാസ്താവിനും അത്തം നാളിൽ ഗണപതിക്കും തിരുവോണം നാളിൽ ഗോശാല കൃഷ്ണനും ശിവരാത്രി നാളിൽ പരമശിവനും പൂജകളും ഭരണി നാളിൽ ദേവിക്ക് ചാന്താട്ടവും നടത്താറുണ്ട്.

മേട ചിത്തിരക്ക് ക്ഷേത്രത്തിൽ അഞ്ചു പൂജയും നവകവും വൈകിട്ട് പുഷ്പാഭിഷേകവും ശ്രീഭൂതബലിയും മഹാനൈവേദ്യവും ഉണ്ടായിരിക്കുന്നതാണ്.

അഷ്ടമിരോഹിണി ഉറിയടി മഹോത്സവമായി ആചരിക്കുന്നു.

എല്ലാ മലയാളമാസവും ഒന്നാം തീയതി തോറും ഭാഗവത പാരായണവും തുടർന്ന് വൈകിട്ട് അഞ്ചുമണിക്ക് വനിതാ സമാജങ്ങളുടെ ആഭിമുഖ്യത്തിൽ സർവേശ്വര പൂജയും നടത്താറുണ്ട്.

വൃശ്ചികം ഒന്നു മുതൽ മകരവിളക്ക് വരെ ക്ഷേത്രത്തിൽ ചിറപ്പ് മഹോത്സവവും നടത്താറുണ്ട് .

കുംഭമാസത്തിലെ ആയില്യത്തിന് കാവുകളിൽ സർപ്പദൈവങ്ങൾക്ക് നൂറുംപാലും നടത്താറുണ്ട് . മേട വിഷുവിന് വിഷുക്കണി ദേവന്മാർക്ക് ഒരുക്കാറുണ്ട്.

വൃശ്ചികം മുതലുള്ള ആറ് ഭരണി ദിവസങ്ങളിൽ ദീപാരാധനയ്ക്കുശേഷം ദേവിയെ ക്ഷേത്രത്തിൻറെ നടക്കാവിൽ വടക്കുവശം ഉള്ള ആൽത്തറ വരെ എഴുന്നള്ളിക്കുകയും അതിനുശേഷം എതിരേൽപ്പ് മണ്ഡപത്തിൽ ദേവി വിശ്രമിച്ച ശേഷം തിരിച്ചു ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

തുടർന്ന് കാർത്തിക നാളിൽ ബഹുമാനപ്പെട്ട തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ കളഭാഭിഷേകവും കലശവും നടത്തിവരുന്നു.

നവരാത്രി മണ്ഡപം അലങ്കരിച്ച് നവരാത്രി പൂജയും ഉത്സവവും, കർക്കിടക മാസത്തിൽ രാമായണമാസവും ആചരിച്ചു വരുന്നു.

നിത്യ നിദാന ചടങ്ങുകളും മാസ വിശേഷങ്ങളും ആട്ട വിശേഷങ്ങളും അടങ്ങിയതാണ് പടിത്തരം.

ആചാരനാനുഷ്ഠാനപരമായി ക്ഷേത്ര നടത്തിപ്പിന്റെ മാർഗ്ഗരേഖയാണ് പടിത്തരം. നവീകരണം, പുനപ്രതിഷ്ഠ , ദേവഹിതം നോക്കൽ എന്നിവയുടെ അനുബന്ധമായി പുതിയ കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും പടിത്തരത്തിൽ സംഭവിക്കാം.

ഉത്സവകാലം

ഓണാട്ടുകരയിലെ അനേകം ക്ഷേത്രങ്ങളിൽ പറയെടുപ്പ് കാലഘട്ടം ഉത്സവകാലമാണ്.

പറയെടുപ്പ്, പറയ്ക്കെഴുന്നള്ളത്ത്, ജീവത എഴുന്നള്ളത്ത്‌ എന്നിങ്ങനെയുള്ള പേരുകളിൽ ഇത് അറിയപ്പെടുന്നു.

മകര കൊയ്ത്ത് കഴിഞ്ഞാണ് പറയെടുപ്പ് തുടങ്ങുക.

തന്റെ പ്രദേശവാസികളായ ഭക്തരെ കാണാനായി ദേവി ഭവനസന്ദർശനം നടത്തുന്നതാണ് പറയ്ക്കെഴുന്നള്ളത്ത് എന്നറിയപ്പെടുന്നത്.

അങ്ങനെ എഴുന്നള്ളുന്ന ദേവിയെ ഓരോ വീടുകളും ആചാരപൂർവ്വം സ്വീകരിക്കുകയും, ഒരു പറ നിറയെ സ്വർണ്ണ വർണ്ണത്തിനുള്ള ധാന്യമണികൾ ദേവിക്ക് സമർപ്പിക്കുകയും ചെയ്യുന്നതാണ് അതിന്റെ ചടങ്ങ്.

പറയെടുപ്പിന്റെ പ്രധാന ഭാഗം ക്ഷേത്ര നിർമ്മാണത്തിന്റെ മാതൃകയിൽ നിർമ്മിച്ച ജീവതയാണ്. ജീവിത എന്ന വാക്ക് അർത്ഥമാക്കുന്നത് ദേവിയുടെ ജീവചൈതന്യം അല്ലെങ്കിൽ ജീവനുള്ള പ്രഭാവലയം ആവാഹിച്ചിരിക്കുന്നു എന്നാണ്.

ഏകദേശം രണ്ട് മീറ്ററോളം നീളമുള്ള രണ്ട് തേക്കിൻ തടികളിൽ വിശ്രമിക്കുന്ന ഒരു പല്ലക്ക് രൂപത്തിലും, മുൻഭാഗം തിടമ്പു പോലെയുമാണ് . പിന്നിൽ തച്ചുശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം നിർമ്മിച്ച ഒരു ചെറിയ നെഞ്ച് (പേട്ടകം) ഉണ്ട്. തിളങ്ങുന്ന വർണ്ണാഭമായ ചിത്രങ്ങളും സ്വർണ്ണ ട്രിങ്കെറ്റുകളും കൊണ്ട് എംബ്രോയിഡറി ചെയ്ത ഒരു കമ്പിളി തുണിയാണ് മുന്നിലെ തിടമ്പിൽ അലങ്കാരം. അതിനു പിന്നിൽ ദേവന്റെ വിശുദ്ധ വസ്ത്രം അന്നജം പുരട്ടി ചെറിയ കണ്ണാടി കഷ്ണങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

ജീവിത എഴുന്നള്ളത്ത് സമയത്ത് ഉപയോഗിക്കുന്ന താളങ്ങൾ വളരെ ശ്രദ്ധേയമാണ്.

ലക്ഷ്മി അടന്ത ചെം ചെമ്പട ത്രിപ്പൂട്ട പഞ്ചാരി എന്നിങ്ങനെ നിരവധി താളങ്ങൾ ഉപയോഗിക്കുന്നു. വീക്കം ചെണ്ട, ഉരുട്ടി ചെണ്ട, ഇലത്താളം, കൊമ്പ് കുഴൽ എന്നിവ ഉൾപ്പെടുന്നതാണ് മേളം.

ഭക്തിയുടെ പ്രഭാവലയത്തിനുമപ്പുറം കരകൗശലത്തിന്റെയും താളത്തിന്റെയും സമൃദ്ധി, അതിനെ ഒരു മികച്ച കലാരൂപത്തിന്റെ തലത്തിലേക്ക് ഉയർത്തുന്നു.

കൈനീട്ടപ്പറ

ധനുമാസത്തിലാണ്‌ ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ പറ എഴുന്നള്ളത് തുടങ്ങുന്നത്. അത് ക്ഷേത്ര സ്ഥാപക കുടുംബങ്ങളായ പനയ്ക്കൽ, പണയിൽ എന്നീ തറവാടുകളിൽ നിന്നാണ്.

ആചാരം എന്ന നിലയിൽ അതിന്നും തുടരുന്നു.

കരകളിൽ പറ തുടങ്ങുമ്പോൾ തെക്കുംമുറിയിലെ പറ കാഞ്ഞിക്കൽ നിന്നും പള്ളിക്കലേത് കരിമുട്ടത്തുനിന്നും , വടക്കുംമുറിയിലേത് കളപ്പുരക്കൽ നിന്നും , കോമല്ലൂരിലേത് ഇല്ലിക്കുളത്ത് ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നതാണ് രീതി.

അൻപൊലി

പറക്കെഴുന്നള്ളത്തിന്റെ ഒരു വിപുലീകരിക്കപ്പെട്ട അല്ലെങ്കിൽ വികസിത രൂപമാണ് അൻപറ അല്ലെങ്കിൽ അൻപൊലി എന്ന് പറയുന്നത്. ഇതിൽ അഞ്ചുപറകൾ നിറയെ നെല്ലിനോടൊപ്പം, അവൽ , മലർ, ശർക്കര, പഴം എന്നിവ കൂടി സമർപ്പിക്കുന്നു.

പക്ഷെ ഭരണിക്കാവ് ക്ഷേത്രത്തിലെ അൻപൊലി അതിനുമപ്പുറം ഒരു വിശേഷാൽ രൂപം തന്നെയാണ്.

അൻപൊലിക്കളത്തിലേക്ക് ദേവിയെ പ്രത്യേകമായി ആനയിച്ചു കൊണ്ടുവരണം.

സാധാരണയായുള്ള അഞ്ചു വിളക്കുകൾക്ക് പകരം പുഷ്പങ്ങൾകൊണ്ട് ത്രികോണാകൃതിയിൽ കളം വരച്ച് അതിനുള്ളിൽ ഇരുപത്തിയൊന്ന് വിളക്കുകൾ തെളിയിച്ച് , അവിടേക്കാണ് ദേവിയെ ആനയിക്കുന്നത്.

അൻപൊലി സ്വീകരിച്ച ദേവിയുടെ ആഹ്ളാദപ്രകടനമായി ജീവത തുള്ളിക്കളിക്കും. കളത്തിലെ ഇരുപത്തൊന്ന് വിളക്കുകൾക്കും ഇടയിലൂടെ ദേവിയെ തോളിലേറ്റിയ തിരുമേനിമാർ ചടുലമായി നൃത്തം വെയ്ക്കും .ഏകദേശം ഒരു മണിക്കൂറോളം ഇത് നീണ്ടു നിൽക്കുന്നു.

ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിൽക്കുന്ന ഈ അനുഷ്ഠാനം ഭക്തിയുടെ നിറവിൽനിന്ന് ഉരുത്തിരിയുന്ന ഉൽകൃഷ്ടവും അത്യപൂർവവുമായ ഒരു സൃഷ്ടിയാണ് ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ അൻപൊലി.